തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെതിരേ രൂക്ഷവിമർശനവുമായി ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത . പോലീസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി താഴേക്കു പോകുന്നുവെന്നാണ് യോഗേഷ് ഗുപ്തയുടെ ആരോപണം.
കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കാന്‍ എം പാനല്‍ ചെയ്യാനുള്ള പട്ടികയില്‍ ഇടം നേടാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ യോഗേഷ് ഗുപ്ത അസ്വസ്ഥനാണ്. തനിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ കാര്യങ്ങള്‍ എന്തായെന്ന് ചോദിച്ച് അദ്ദേഹം വിവരാവാകാശ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷയില്‍ തനിക്ക് മറുപടി നല്കാന് സാധിക്കില്ലെന്ന് പോലീസ് മേധാവി മറുപടി നല്‍കിയിരുന്നു. രഹസ്യ രേഖയായതിനാല്‍ അത് നല്കാന് സാധിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി മറുപടി നല്‍കിയിരുന്നു. ഇതാണ് യോഗേഷ് ഗുപ്തയെ ചൊടിപ്പിച്ചത്. അപ്പീല്‍ അപേക്ഷ എന്ന വിധത്തിലാണ് രൂക്ഷ വിമര്‍ശനവുമായി യോഗേഷ് ഗുപ്ത സംസ്ഥാന പോലീസ് മേധാവിക്കു കത്തയച്ചത്.
കെ.എം. ഏബ്രഹാമിനെതിരായ കേസിന്റെ വിവരങ്ങള്‍ അടങ്ങിയ വിജിലന്‍സ് ഫയല്‍ കോടതി നിര്‍ദേശം വന്നയുടന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ആലോചിക്കാതെ സിബിഐക്ക് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത്നിന്നു നീക്കി ഫയര്‍ഫോഴ്സ് മേധാവിയാക്കുകയായിരുന്നു. കേന്ദ്ര സര്‍വീസിലേക്ക് പോകാനായി യോഗേഷ് ഗുപ്തയുടെ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എട്ടു തവണ കത്ത് അയച്ചെങ്കിലും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.
തന്റെ അവസരം നഷ്ടപ്പെടുത്തുകയാണെന്നും പ്രതികാര നടപടി പുലര്‍ത്തുന്നുവെന്നും കാട്ടി യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഐപിഎസ് അസോസിയേഷന് പ്രസിഡന്റ് കുടിയായ യോഗേഷ് ഏറെ നാളായി സര്‍ക്കാരിന് അനഭിമതനാണ്.